വടക്കഞ്ചേരി: ആലത്തൂർ,നെന്മാറ, മംഗലംഡാം, മുടപ്പല്ലൂർ, വടക്കഞ്ചേരി എന്നീ മേഖലകളിൽ യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ.നെന്മാറ സ്വദേശി പടപ്പാടത്ത് വീട്ടിൽ ഗോപകുമാറിനെയാണ് (വയസ്സ് 52 ) ഇന്നലെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വർഷങ്ങളായി ആന്ധ്ര,ഒറീസ്സ എന്നിവടങ്ങളിൽനിന്ന് ലോറിയിൽ മറ്റ് ചരക്കുകൾക്കൊപ്പം കേരളത്തിലേക്ക് കഞ്ചാവ് കൊണ്ട് വന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്ത് വരുകയായിരുന്നു. ആഗസ്റ്റ് 8 ന് കിഴക്കഞ്ചേരി , നൈനാൻകാട് സ്വദേശി സുന്ദരൻ എന്നയാളെ വീട്ടിൽ നിന്ന് 13.500 കിലോ കഞ്ചാവുമായി വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചതിൽ മുടപ്പല്ലൂർ അണക്കപ്പാറ സ്വദേശിനി സ്വപ്ന (അണക്കപ്പാറ അക്ക) രഹസ്യമായി സൂക്ഷിച്ചു വെയ്ക്കാൻ ഏൽപ്പിച്ച കഞ്ചാവാണന്ന് അറിവായിട്ടുള്ളതാണ്.തുടർന്നുള്ള അന്വേഷണത്തിൽ സ്വപ്നയെ അറസ്റ്റ് ചെയ്തിട്ടുള്ളതും സ്വപ്നയ്ക്ക് കഞ്ചാവ് നൽകിയത് നെന്മാറ സ്വദേശി ഗോപകുമാറാണ് എന്ന് അറിവായിട്ടുള്ളതുമാണ്. പ്രതികളായ സുന്ദരനും സ്വപ്നയും റിമാൻഡിൽ കഴിഞ്ഞു വരികയാണ്.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പിടികൂടിയ ഗോപകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളുടെ പങ്കിനെ പറ്റി അന്വേഷണം നടത്തിവരികയാണ്.
കേരളത്തിൽ ലഹരി വ്യാപനത്തിനെതിരെ നടന്നുവരുന്ന ”ഡി ഹണ്ട് ” ഓപ്പറേഷന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി.മാരായ മുരളീധരൻ , അബ്ദുൾ മുനീർ , ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള വടക്കഞ്ചേരി പോലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്കോഡും, നിരന്തരമായി അന്വേഷണം നടത്തിയാണ്, വടക്കഞ്ചേരി മേഖലയിലെ, പ്രധാന കഞ്ചാവ് വില്പനക്കാരെ പറ്റി വിവരം ലഭിച്ച് പ്രതികളെയും കഞ്ചാവും പിടികൂടിയത്.
