വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജ് & ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു
വടക്കഞ്ചേരി:സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിസ്ഥാന വിഭാഗങ്ങളുടെ ജീവിത നിലവാരം ഉറപ്പാക്കി അതിലൂടെ നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജ് ആൻഡ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അടിസ്ഥാന വിഭാഗങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയില്‍ കേരളം രാജ്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ജാതീയ അക്രമങ്ങളില്ലാതെയും സാമൂഹ്യതുല്യതയോടെയും ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ ഉന്നമനത്തിനായി 4733 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 697 കോടി രൂപ പട്ടിക വിഭാഗക്കാരുടെ ഉന്നമനത്തിനായാണ് വകയിരുത്തിയിട്ടുള്ളത്. സ്കൂളുകളില്‍ നിന്നുള്ള പട്ടിക വിഭാഗക്കാരുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു. സാമൂഹ്യപുരോഗതിയുടെ സൂചനയാണിത്. പട്ടിക വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട 33,058 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനായി കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ 1653 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ഭൂമിയില്ലാത്ത പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കുന്നതിനായി ലാന്‍ഡ് ബാങ്ക് പദ്ധതി നടപ്പാക്കി. ഇതിലൂടെ 8910 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി 8573 ഏക്കര്‍ ഭൂമി നല്‍കി. ലൈഫ് മിഷന്‍ വഴി 1,16,610 പട്ടികജാതി കുടുംബങ്ങള്‍ക്കും 43,629 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കി. ലൈഫ് മിഷന്‍ വഴി വീടു നിര്‍മിച്ചു നല്‍കിയതില്‍ 34% കുടുംബങ്ങളും പട്ടിക വിഭാഗങ്ങളില്‍ പെട്ടവരാണ്. പട്ടിക വിഭാഗ കുടുംബങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വീടുകൾ ഉറപ്പു വരുത്തുന്നതിനായി നടപ്പാക്കുന്ന സേഫ് പദ്ധതി വഴി ഈ വര്‍ഷം പതിനായിരം കുടുംബങ്ങള്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കും. സാങ്കേതിക മികവ് ആവശ്യമുള്ള മേഖലകളില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വടക്കഞ്ചേരിയില്‍ കമ്യൂണിറ്റി കോളേജ് ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി വികസനവകുപ്പിന് കീഴിൽ വടക്കഞ്ചേരി മണ്ണാൻപറമ്പിലാണ് കമ്യൂണിറ്റി കോളേജിനായി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പട്ടികജാതി വികസനവകുപ്പിന്റെ 7.74 കോടിരൂപ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം പൂർത്തീകരിച്ചത്. സാങ്കേതിക മികവ് ആവശ്യമുള്ള തൊഴിൽ മേഖലകളിൽ പട്ടികജാതി യുവതീയുവാക്കൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുകയാണ് കമ്യൂണിറ്റി കോളേജിന്റെ ലക്ഷ്യം. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
വടക്കഞ്ചേരി മണ്ണാന്‍പറമ്പ് കമ്മ്യൂണിറ്റി കോളേജിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനായി. അടിസ്ഥാന വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തുന്ന നിലാപാടാണ് എന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. അടിസ്ഥാന വിഭാഗത്തെ മുഖ്യധാരയിലെത്തിക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുൻ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ നിയമ സാംസ്‌കാരിക പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ മുഖ്യാതിഥിയായിരുന്നു. പി.പി സുമോദ് എംഎൽഎ, ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ,വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിത പോൾസൺ, പി.എം അലി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. അലിമ,വാർഡ് അംഗം കെ.പി. ഹൗസിയ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സുരേഷ്, സുമതി,ഹസീന,രമണി, പി. രമേഷ്‌കുമാർ,മുൻ എം.എൽ.എ, റൈസ് പാർക്ക് ചെയർമാൻ സി.കെ. രാജേന്ദ്രൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് ഗവ.സെക്രട്ടറി ഡോ. എ. കൗശികൻ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗം ടി.എം.ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
