
പട്ടിക്കാട്: കല്ലിടുക്കിൽ സർവ്വീസ് റോഡ് സഞ്ചാരയോഗ്യമാക്കാതെ നടത്തുന്ന അടിപ്പാത നിർമ്മാണത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.വടക്കഞ്ചേരിയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയോട് ചേർന്നുള്ള സർവ്വീസ് റോഡാണ് പൂർണ്ണമായും തകർന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ ഒറ്റവരിയായി പോലും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് സർവ്വീസ് റോഡിലുള്ളത്. റോഡ് പൂർണ്ണമായും തകർന്നതിനെ തുടർന്ന് പലതവണ താൽക്കാലികമായി കുഴികൾ അടച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. 20 മീറ്റർ ദൂരം മാത്രം ടാറിങ് നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ പോലും നിർമ്മാണ കമ്പനി ശ്രമിക്കുന്നില്ല. മുടിക്കോടും ഇതുതന്നെയാണ് സ്ഥിതി. പ്രതിഷേധം ശക്തമായിട്ടും അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന പരാതിയുയരുമ്പോഴും പന്നിയങ്കരയിലെ ടോൾ പിരിവ് തകൃതിയായി തുടരുന്നു.പാത ഗതാഗത യോഗ്യമാക്കി തീർക്കുന്നത് വരെ ടോൾ പിരിവ് നിർത്തി വെക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

