മംഗലംഡാം: കടപുഴകി വീടിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടാവസ്ഥയിൽ തങ്ങിനിന്ന മരം മുറിച്ചു മാറ്റി. മംഗലംഡാം കുറുമാലിക്കാവ് റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന കൂറ്റൻ പുളി മരമാണ് റോഡിൻ്റെ മറുവശത്തുള്ള പി.കെ. സബീർ ഹുസൈൻ്റെ വീടിന് മുകളിലേക്ക് മറിഞ്ഞു വീണത്. മറിഞ്ഞു വീണ മരം വൈദ്യുതി ലൈനിലും സബീർ ഹുസൈൻ്റെ വീടിനു സമീപത്തുള്ള തെങ്ങിലും മറ്റൊരു മരത്തിലുമായി തങ്ങിനിന്നതുകൊണ്ട് വീടിൻ്റെ മുകളിലെ നിലയിൽ വാടകക്ക് താമസിക്കുന്ന യുവതിയും കുഞ്ഞും രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.അപകടാവസ്ഥ മനസ്സിലാക്കി പെട്ടെന്ന് തന്നെ മരം മുറിച്ചു മാറ്റാനുള്ള ഒരു നീക്കവും സ്ഥലമുടമയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ശനിയാഴ്ച കാലത്ത് വാർഡ് മെംബർ ഡിനോയ് കോമ്പാറ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരിയിൽ നിന്നും അഗ്‌നിരക്ഷാസേന, മംഗലംഡാം വില്ലേജ് ഓഫീസർ,മംഗലംഡാം പൊലീസ് ,കെ എസ് ഇബി അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി. ദുരന്ത നിവാരണ നിയമപ്രകാരം തഹസിൽദാരുടെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട അധികാരികളുടെ മേൽനോട്ടത്തിൽ
വിദഗ്‌ധ തൊഴിലാളികൾ മരം മുറിച്ചു മാറ്റി. മരം മുറിച്ചു മാറ്റിയതിൻ്റെയും മറ്റും ചിലവുകൾ സ്ഥലമുടമയിൽ നിന്നും ഈടാക്കുമെന്ന് വില്ലേജ് ഓഫീസർ എ.സോമബിന്ദു അറിയിച്ചു.
അപകടാവസ്ഥയിലുള്ള മറ്റു മരങ്ങളും മുറിക്കണം
ഇപ്പോൾ മറിഞ്ഞു വീണ മരം കൂടാതെ വേറെയും മരങ്ങൾ അപകടാവസ്ഥയിലുണ്ടെന്നും ഈ മരങ്ങൾ വീണാൽ തങ്ങളുടെ വീടിനോടൊപ്പം തങ്ങൾക്കും കുടുംബത്തിനും ജീവഹാനി സംഭവിക്കുമെന്നും സമീപത്തെ താമസക്കാരായ പി.എച്ച് സെയ്താലി പി.എൻ മുഹമ്മദലി എന്നിവർ പറഞ്ഞു. പ്രദേശവാസികൾക്കും കുറുമാലിക്കാവ് അമ്പലത്തിലേക്ക് പോകുന്ന ഭക്തജനങ്ങൾക്കുമെല്ലാം ഈ മരങ്ങൾ ഭീഷണിയാണ്. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് സ്ഥലത്തെത്തിയ തഹസിൽദാർ കെ.ജി.സിനി, ഡപ്യൂട്ടി തഹസിൽദാർ എ.റജീന എന്നിവരോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
