വടക്കഞ്ചേരി: മഞ്ഞപ്ര പൂത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി എട്ട് പേർക്ക് പരിക്ക്. പുളിങ്കൂട്ടം – തെന്നിലാപുരം റോഡിൽ വെളളിയാഴ്ച പകൽ മൂന്ന് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇവർ പണി കഴിഞ്ഞ് റോഡരികിൽ ബസ്സ് കാത്തിരിക്കുന്നതിനിടെ കാർ പാഞ്ഞ് കയറുകയായിരുന്നു. രണ്ട് പേർ റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ കാർ നിയന്ത്രണം തെറ്റിയതെന്ന് കാർ ഡ്രൈവർ പൊലീസിന് മൊഴി നല്കി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തൃശൂർ മെഡിക്കൽ കോളേജിലും, അഞ്ച് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിച്ചു.ആലത്തൂർ ആന മാറി കൊട്ടിൽ പാടം വെള്ളയുടെ ഭാര്യ തങ്കമണി (54), കൊട്ടിൽപ്പാടം സുന്ദരൻ (63) ,കാവശ്ശേരി കൊങ്ങാളക്കോട് ആലിങ്കൽപറമ്പ് ധനലക്ഷ്മി (49), കൊട്ടിൽപ്പാടം പരേതനായ വിജയൻ ഭാര്യ ബേബി (50), നെല്ലിയാങ്കുന്നം ഇടത്തിൽ കോളനി കൃഷ്ണൻ ഭാര്യ ഓമന (58), കാവശ്ശേരി മൂപ്പുപറമ്പ് മണിയുടെ ഭാര്യ ബിന്ദു (49), നെല്ലിയാങ്കുന്നം ഇടത്തിൽ കോളനി ശശിയുടെ ഭാര്യ സുനിത (41), ആനമാറി കൊട്ടിൽപ്പാടം ബാലൻ്റെ ഭാര്യ തങ്കം (52) എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റ തങ്കമണി, സുന്ദരൻ, ധനലക്ഷ്മി എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പുളിങ്കൂട്ടത്ത് നിന്നും തെന്നിലാപുരത്തേക്ക് പോവുകയായിരുന്ന അച്ഛനും, മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.കാർ ഡ്രൈവർ തൃപ്പാളൂർ സ്വദേശി ജെയ്സൺ (56) നെ വടക്കഞ്ചേരി പൊലീസ് കസ്റ്റയിലെടുത്തു.വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
