കോഴിക്കോട്. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ എം ടി എന്നറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചകിത്സയിലിരിക്കെ ഇന്ന് രാത്രി പത്ത് മണിയോടെയാണ് അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
ആധുനിക മലയാള സാഹിത്യത്തിലെ പ്രഗത്ഭനും ബഹുമുഖ എഴുത്തുകാരനുമായ അദ്ദേഹം സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യത്തിലെ ഗുരുക്കന്മാരിൽ ഒരാളാണ്. 20ആം വയസ്സിൽ, കെമിസ്ട്രി ബിരുദധാരിയായി, ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള സമ്മാനം നേടി. 23ആം വയസ്സിൽ എഴുതിയ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന നോവൽ നാലുകെട്ട് 1958ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
