വടക്കഞ്ചേരി:തൃശ്ശൂർ-വടക്കഞ്ചേരി ദേശീയപാത നീലിപ്പാറയിൽ കാറിടിച്ച് പന്തലാംപാടം മേരിമാത ഹയർ സെക്കണ്ടറി സ്ക്കൂളിലെ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.അഞ്ചുമൂര്‍ത്തിമംഗലം വലിയവീട്ടില്‍ മുഹമ്മദ് ഇസാം ഇഖ്ബാല്‍(15),അഞ്ചുമൂര്‍ത്തിമംഗലം വടുകന്‍ത്തൊടി വീട്ടിൽ മുഹമ്മദ് റോഷന്‍(15) എന്നിവരാണ് മരിച്ചത്.
വാണിയമ്പാറയിലുള്ള നിസ്ക്കാരപള്ളിയിലേക്ക് റോഡിന്റെ വശത്തൂടെ നടന്ന് പോകുന്ന സമയം തൃശ്ശൂര്‍ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന KL07DC2938 നമ്പര്‍ ടാറ്റ ടിഗോര്‍ കാറാണ് ഇടിച്ചത്.നീലിപ്പാറ ക്വാറിക്ക് മുന്നിൽ വച്ച് വെള്ളിയാഴ്ച പകൽ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്.

വാണിയംപാറ പള്ളിയിൽ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് വിദ്യാർത്ഥികളെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ട്വൻ്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ചാണ് അപകടമുണ്ടായത്.ആറുവരി ദേശീയപാതയിൽ ഒരു മാസത്തിനുള്ളിൽ നടക്കുന്ന നാലാമത്തെ അപകട മരണമാണിത്.
