വടക്കഞ്ചേരി: മലയോര മേഖലയെ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുന്നു.
ഓടംതോട് പടം കെട്ട തോട്,വട്ടപ്പാറ മുക്കാടൻ എസ്റ്റേറ്റിലും,കടപ്പാറയിലും മലക്ക് മുകളിൽ ഉരുൾ പൊട്ടി.തോട്ടിലൂടെ ശക്തമായ ജലപ്രവാഹിക്കുകയാണ്.ഉരുൾപൊട്ടിയ ഓടം തോട് പടം കെട്ട തോട്ടിൽ 200 മീറ്ററിലധികം റോഡ് ഒലിച്ചു പോയി.പടം കെട്ട തോട്ടിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ സുരക്ഷത സ്ഥലത്തേക്ക് വനം വകുപ്പ് -പോലീസും ചേർന്ന് മാറ്റി പാർപ്പിച്ചു.മംഗലം ഡാം പാൽ സൊസൈറ്റി പരിസരത്ത് സിമിൻ്റ് ഗോഡൗൺ അടക്കം സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.തീപ്പലി കയം തോട് സമൃദ്ധമായതോടെ കടപ്പാറ തോട് കരകവിഞ്ഞൊഴുകി.തോട് നിറഞ്ഞ് കൃഷിയിടങ്ങളിലാകെ വെള്ളം കയറി.കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നത് ഉള്ളൂവെങ്കിലും
2018 പ്രളയത്തിനു സമാനമായ മലവെള്ളപ്പാച്ചിൽ ആണ് ഇപ്പോൾ സ്ഥലത്ത് സംഭവിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.കനത്ത മഴയിൽ വചനഗിരി കോൺവെന്റിന്റെ മതിൽ ഇടിഞ്ഞു വീണു.
കനത്ത മഴയെ തുടർന്ന് മംഗലം അണക്കെട്ടിന്റെ ആറു ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 65 സെ.മീ വീതവും ബാക്കി മൂന്ന് ഷട്ടറുകൾ 120 സെ.മീ വീതവുമാണ് തുറന്നിരിക്കുന്നത്.ഷട്ടറുകൾ തുറന്നതിനെ തുടർന്ന് വടക്കേക്കളം പറശ്ശേരി റൂട്ടിലെ കല്ലാനക്കര പാലത്തിൽ കൂടെയുള്ള ഗതാഗതം സ്തംഭിച്ചു. കല്ലാനക്കര പാലത്തിനു സമീപം താഴ്ച്ച ഉള്ള റോഡിന് മുകളിലൂടെ വെള്ളം ഒഴുകുന്നതാണ് ചെറു വാഹനങ്ങൾക്കുള്ള ഗതാഗതം സ്തംഭിക്കാൻ ഇടയായത്. കല്ലാനക്കര പാലത്തിനു താഴെയുള്ള കരിങ്കയം തോട്ടിലും വെള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ചൂരക്കോട് ഭാഗത്ത് ഉള്ള രണ്ട് വീടുകളിൽ വെള്ളം കയറി. ഇനിയും മംഗലം അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ ചൂരക്കോട് ഭാഗത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറാൻ ഉള്ള സാധ്യത കണക്കിലെടുത്ത് പരിസര പ്രദേശത്തുള്ള സന്നദ്ധസേന പ്രവർത്തകർ വീട്ടിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.പാലക്കുഴിയിലും തോടുകൾ നിറഞ്ഞൊഴുകുകയാണ്. ഇവിടെ വീടുകളിലും വെള്ളം കയറി.ഒടുകൂർ ശിവൻകോവിലിനു സമീപം മരം കയറ്റി വന്ന ട്രാക്ടറിന്റെ വീലുകൾ മണ്ണിൽ താഴ്ന്നതിനെ തുടർന്ന് മംഗലംഡാം – മുടപ്പല്ലൂർ റോഡിൽ തത്കാലികമായി ഗതാഗതം സ്തംഭിച്ചു.വടക്കഞ്ചേരിയിൽ ബസ് സ്റ്റാൻഡ് പരിസരം വെള്ളത്തിൽ മുങ്ങി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപം വേണൂസ് ഡിജിറ്റൽ ഷോപ്പിന് മുൻപിൽ സർവീസ് റോട്ടിൽ വെള്ളം അരയടി പൊക്കത്തിൽ നിറഞ്ഞ് നിൽക്കുന്നതോടെ ചെറു വാഹനങ്ങൾക്ക് അത് വഴി കിടന്ന് പോകാൻ കഴിയാത്ത നിലയിലായി.മഴ തുടരുകയാണെങ്കിൽ കനത്ത നഷ്ട്ടമായിരിക്കും മേഖലയിൽ സംഭവിക്കുകയെന്ന ആശങ്ക ശക്തമായി.ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

