വടക്കഞ്ചേരി:പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവർഹൗസ്, വിയർ ഡാം എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.
പാലക്കുഴി തിണ്ടില്ലം പുഴയിൽ അണക്കെട്ട് കെട്ടി പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളം കൊന്നക്കൽ കടവിൽ സജ്ജമാക്കിയിട്ടുള്ള പവർഹൗസിൽ എത്തിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.15.9 കോടി രൂപ ചിലവിൽ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയാണ് ഒരു മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.
കൊന്നക്കൽ കടവിൽ വച്ച് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനു മോൾ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അനിത പോൾസൺ, ശാലിനി കറുപ്പേഷ്, ഷാബിറ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനിബാബു, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ, വൈസ് പ്രസിഡൻ്റ് വി. രാധാകൃഷ്ണൻ, ചീഫ് എഞ്ചിനിയർ പ്രസാദ് മാത്യു, സുനിത ശശീന്ദ്രൻ, ഷാജി ജോൺ, പി എസ് എച്ച് സി എൽ ഡയറക്ടർമാരായ
ടി.ആർ അജയൻ, എ രാമകൃഷ്ണൻ, പി എസ് എച്ച് സി എൽ ഇൻഡിപെൻഡന്റ് ഡയറക്ടർ എ.കെ മൂസ്സ, ടി.സി ഗിരിജ, പ്രൊഫ.ജെ സുന്ദരൻപിള്ള, എം.രാമൻകുട്ടി എന്നിവർ പങ്കെടുത്തു.
സ്വന്തമായി വൈദ്യുതി: പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പാലക്കുഴി പദ്ധതി രാജ്യത്തിന് മാതൃക
രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അഭിമാനമായി പാലക്കുഴിയില്‍ ഒരു മെഗാവാട്ട് ശേഷിയുള്ള മിനി ജലവൈദ്യുത പദ്ധതി ഒരുങ്ങി. ഒരു തദ്ദേശ സ്ഥാപനം സ്വന്തം നിലയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ പദ്ധതിയാണിത് എന്ന വലിയ നേട്ടം ഈ പദ്ധതിക്കുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍, 1956-ലെ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത പാലക്കാട് സ്മോള്‍ഡ്രോ കമ്പനിയാണ് 15.9 കോടി രൂപ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. സ്ഥലമെടുപ്പും തടയണ നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
തിണ്ടില്ലം പുഴയില്‍ പാലക്കുഴിയില്‍ തടയണ കെട്ടി സംഭരിക്കുന്ന വെള്ളം 738 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്ക് പൈപ്പ് വഴി കൊന്നയ്ക്കല്‍ കടവിലുള്ള പവര്‍ഹൗസിലേക്ക് എത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
ഈ ഒരു മെഗാവാട്ട് പദ്ധതിയിലൂടെ പ്രതിവര്‍ഷം 3.78 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉല്‍പാദന സമയങ്ങളില്‍ മണിക്കൂറില്‍ 1000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ പവര്‍ഹൗസിന് കഴിയും.
ഒരു പ്രാദേശിക ഭരണകൂടം സ്വന്തമായി വൈദ്യുതി ഉല്‍പ്പാദന രംഗത്തേക്ക് കടന്നുവരുന്നത് മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും ഒരു വലിയ മാതൃകയാണ്. ജില്ലാ പഞ്ചായത്തിന്റെ ഈ നേട്ടം പ്രാദേശിക വികസനത്തിലും സ്വയംപര്യാപ്തതയിലും പുതിയ പാതകള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
