
മംഗലംഡാം : ശ്രീകുറുമാലി ഭഗവതി ക്ഷേത്രത്തിലെ കതിരുത്സവം നാടിന് ആവേശമായി. മംഗലംഡാം, കല്ലാനക്കര, ഒടുകൂർ, പന്നിക്കുളമ്പ്, പറശ്ശേരി എന്നീ അഞ്ച് ദേശങ്ങൾ സംയുക്തമായി നടത്തുന്ന ഉത്സവം ഒരോ ദേശക്കാരുടെയും ആവേശമായി മാറി. മംഗലംഡാം , കല്ലാനക്കര, പറശ്ശേരി, ദേശക്കാരുടെ ഓരോ ആനകൾ വീതം നെറ്റിപട്ടം കെട്ടി അണിനിരന്ന മൂന്ന് ഗജവീരന്മാരും, കല്ലാനക്കര ദേശത്തിൻ്റെ കുതിരയും ചെണ്ടമേളവും കതിരും തണ്ടും കുടയും ശിങ്കാരിമേളവും കാവടിയാട്ടവും തുടങ്ങി ഒട്ടേറെ കലാരൂപങ്ങളുമായുള്ള എഴുന്നള്ളത്ത് ഉത്സവത്തെ വർണ്ണാഭമാക്കി. മംഗലംഡാം, കല്ലാനക്കര, ഒടുകൂർ ദേശങ്ങൾ ഒരുമിച്ച് വെള്ളിയാഴ്ച വൈകീട്ട് 4 ന് ഒടുകൂർ ശിവൻ കോവിലിൽ നിന്ന് പുറപ്പെട്ട് ഇടയ്ക്ക് പന്നിക്കുളമ്പ് ദേശവും കൂടി ചേർന്ന് മംഗലംഡാം ടൗണിൽ എത്തി. ഈ സമയം പറശ്ശേരി ദേശവും ടൗണിൽ എത്തിച്ചേർന്നു. ഇതോടെ എല്ലാ ദേശക്കാരും മംഗലംഡാം ടൗണിൽ സംഗമിച്ച് മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ എത്തിചേർന്നു. ക്ഷേത്രത്തിലെ പൂജാതി കർമ്മങ്ങൾക്ക് നെല്ലിക്കലിടം ക്ഷേത്ര പരിപാലന സമിതി നേതൃത്വം നൽകി. ക്ഷേത്രാങ്കണത്തിൽ പഞ്ചാരിമേളവും അന്നദാനവും നടന്നു.
രാത്രി ക്ഷേത്രാങ്കണത്തിൽ മലമക്കളുടെ ഇഷ്ട കലാരൂപമായ പൊറാട്ടു നാടകവും അരങ്ങേറി. ശനിയാഴ്ച വൈകീട്ട് മംഗലംഡാം ടൗണിൽ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും സമ്മാന കൂപ്പൺ നറുക്കെടുപ്പും നടുക്കും. ഇതോടെ ഈ വർഷത്തെ കതിരുത്സവത്തിന് തിരശ്ശീല വീഴും.

