മംഗലംഡാമിൽ രോഗിയുമായി പോയ ഓട്ടോറിക്ഷയിൽ മാൻ ഇടിച്ചു.

മംഗലംഡാം: രോഗിയെ ആശുപത്രിയിൽ കാണിച്ച് തിരികെ പോയ ഓട്ടോറിക്ഷയിൽ മാൻ ഇടിച്ചു. ഓട്ടോറിക്ഷക്ക് കേടുപാടുകൾ പറ്റിയെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെ കരിങ്കയം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വച്ചാണ് അപകടം.പനി ബാധിച്ച കുട്ടിയെ മംഗലം ഡാമിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് ഓടം തോട് നന്നങ്ങാടിയിലെ വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴാണ് കരിങ്കയം ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞുള്ള ഭാഗത്തു വച്ച് മാൻ ഓട്ടോറിക്ഷയിൽ വന്നിടിച്ചത്. ഇടിയുടെ അഘാതത്തിൽ വാഹനത്തിൻ്റെ ഹെഡ് ലൈറ്റും മൽഗാഡും തകർന്നു. വേഗത കുറവായത് കൊണ്ട് മാത്രമാണ് അത്യാഹിതം ഒഴിവായതെന്നും ഈ വർഷം തന്നെ ഈ റോഡിൽ 2 തവണ പന്നി ഇടിച്ചിട്ടുണ്ടെന്നും ഡ്രൈവർ മനോജ് പറഞ്ഞു. കാട്ടുമൃഗങ്ങളുടെ ഭീഷണി ഉള്ളതു കൊണ്ട് ഈ വഴിക്ക് ഓട്ടം പോകാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഭാഗത്താണ് കഴിഞ്ഞ വർഷങ്ങളിൽ കാട്ടുപന്നി ഇടിച്ചുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് പേർ മരിച്ചത്. ഈ മലയോര പാതയിൽ വഴിവിളക്കുകളില്ലാത്തതും മാലിന്യം തള്ളുന്നതും റോഡരികിൽ വളർന്നു നിൽക്കുന്ന കാടുകളുമെല്ലാം കാട്ടുമൃഗ ഭീഷണിക്ക് കാരണമാണ്. നിരവധി കുടുംബങ്ങളും കൃഷിസ്ഥലങ്ങളുമുള്ള ഈ പ്രദേശത്ത് ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *