
തിരുപ്പൂർ: നെന്മാറ സ്വദേശിയായ ലോറിക്ലീനറെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും ഡ്രൈവറുമായ മലയാളിയെ പല്ലടംപോലീസ് അറസ്റ്റ് ചെയ്തു. നെന്മാറസ്വദേശി ചെട്ടിത്തറ വീട്ടിൽ ജി. സെൽവകുമാറിനെയാണ് (40) മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് പല്ലടത്തുനിന്നും ഉദുമൽപ്പേട്ടയിലേക്കും പൊള്ളാച്ചിയിലേക്കും പോകുന്ന റോഡുകൾ പിരിയുന്നയിടത്ത് ലോറിക്ലീനർ നെന്മാറ പേഴുംപാറ കുരിശിങ്കൽവീട്ടിലെ എസ്. സിജുവിനെ (39) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും പെരുമ്പാവൂരിൽനിന്ന് വിറകുമായാണ് പല്ലടത്തിലെത്തിയത്. തിരിച്ചുള്ള ലോഡ് തരപ്പെടാൻ വൈകി.

ഇതോടെ ഇവർ സുഹൃത്തും ഓട്ടോറിക്ഷാഡ്രൈവറുമായ തിരുപ്പൂർസ്വദേശി ശിവകുമാറിനെ (കണ്ണൻ) വിളിച്ചുവരുത്തി. മൂവരുംചേർന്ന് ലോറിയിലിരുന്ന് മദ്യപിച്ചു. കുറച്ചുസമയം കഴിഞ്ഞ് ശിവകുമാർ പോയി. ഇതുകഴിഞ്ഞ് സെൽവകുമാറും സിജുവും തമ്മിൽ വാക്കുതർക്കമുണ്ടായി. വഴക്കിനിടെ സെൽവകുമാർ ശക്തമായി തള്ളിയപ്പോൾ വണ്ടിയുടെ മുൻചില്ലിൽ സിജുവിന്റെ തലയിടിക്കുകയും ആഴത്തിൽ മുറിവുണ്ടാവുകയും ചെയ്തു.
തുടർന്ന്, മുൻവശത്തെ വാതിൽവഴി സിജു പുറത്തേക്ക് വീഴുകയായിരുന്നെന്ന് പ്രതി മൊഴിനൽകിയതായി പോലീസ് പറയുന്നു. സെൽവകുമാറിനെ ഞായറാഴ്ച മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

