മംഗലംഡാം : റോഡരികിലെ തേനീച്ചക്കൂട് ഇളകി സമീപത്തെ വീട്ടുകാർക്കും യാത്രക്കാർക്കും കുത്തേറ്റു.ഒടുകൂർ ശിവൻ കോവിലിന് സമീപം മെയിൻ റോഡരികിലുള്ള മാവിലെ തേനീച്ചക്കൂടാണ് ഇളകിയത്. പ്രദേശവാസികളായ ലക്ഷ്മി (67), കമലം (54), സീനത്ത് (40) , ആദിൽ (13), സുന്ദരൻ (50 ) തുടങ്ങിയവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇവർ മംഗലം ഡാമിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. കൂടാതെ ഈ സമയത്ത് മംഗലംഡാം മുടപ്പല്ലൂർ റൂട്ടിൽ വാഹനങ്ങളിൽ പോയ ഒട്ടേറെ യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റതായി നാട്ടുകാർ പറഞ്ഞു. മംഗലംഡാം പൊലീസ് സ്ഥലത്തെത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കുറച്ചു ദിവസങ്ങളായി മാവിൻ്റെ മുകൾ ഭാഗത്തുള്ള തേനീച്ചക്കുട് ഇളകി ഈച്ചകളുടെ ഭീഷണിയുള്ളതായി നാട്ടുകാർ പറഞ്ഞു. എപ്പോഴും യാത്രക്കാരും ഒട്ടേറെ വീടുകളുമുള്ള ഈ ഭാഗത്തെ തേനീച്ചക്കൂട് അടിയന്തിരമായി നീക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
