
അദാലത്തുകളില്‍ അതത് ദിവസം നേരിട്ടും പരാതികള്‍ സ്വീകരിക്കും
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയില്‍ നാളെ (ഡിസംബര്‍ 21) ആലത്തൂരില്‍ തുടക്കമാവും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെയും തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രിയായ എം.ബി രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക. ആലത്തൂരില്‍ രാവിലെ 9.30 ന് ആലത്തൂര്‍ ഹോളി ഫാമിലി കോണ്‍വെന്റ് ഹൈസ്‌കൂളിലാണ് അദാലത്ത് ആരംഭിക്കുക. പൊതുജനങ്ങള്‍ക്ക് നേരിട്ടും പരാതി നല്‍കാന്‍ അദാലത്തില്‍ അവസരമുണ്ടാകും.

തുടര്‍ദിവസങ്ങളിലെ അദാലത്തുകളുടെ സമയക്രമവും വേദികളും ചുവടെ കൊടുക്കുന്നു
ഡിസംബര്‍ 23- ഒറ്റപ്പാലം (യുണൈറ്റഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ലക്കിടി), ഡിസംബര്‍ 24- മണ്ണാര്‍ക്കാട് (എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാര്‍ക്കാട്), ഡിസംബര്‍ 26- പട്ടാമ്പി (ചിത്ര ഓഡിറ്റോറിയം, പട്ടാമ്പി), ഡിസംബര്‍ 27- അട്ടപ്പാടി (കില ഓഡിറ്റോറിയം, അഗളി), ജനുവരി മൂന്ന്- പാലക്കാട് (മുഹമ്മദ് ബാഗ് ഇവന്റ് സെന്റര്‍, പാലക്കാട്), ജനുവരി ആറ്- ചിറ്റൂര്‍ (നെഹ്‌റു ഓഡിറ്റോറിയം, ചിറ്റൂര്‍) .

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍ ഇപ്രകാരം
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം അല്ലെങ്കില്‍ നിരസിക്കല്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മല്‍സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുളള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങള്‍, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുളള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുളള പരാതികള്‍ /അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുളള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.

നിര്‍ദേശങ്ങളും അഭിപ്രായങ്ങളും, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുളളവ/പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, വായ്പ എഴുതിത്തളളല്‍, പൊലിസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായത്തിനായുളള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുളള അപേക്ഷകള്‍(ചികിത്സാസഹായം ഉള്‍പ്പെടെ), ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുളള സാവകാശവും ഇളവുകളും തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കില്ല.

