മംഗലംഡാം:കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്. വക്കാല മണിയൻ ചിറ പള്ളത്ത് വീട്ടിൽ സനു (30), മണിയൻ ചിറ കുളത്തിങ്കൽവീട്ടിൽ സജി (30) , സജിയുടെ മകൻ രണ്ടര വയസുകാരനായ റയാൻ എന്നിവർക്കാണ് പരുക്കേറ്റത്.സജിയും സുഹൃത്ത് സനുവും മംഗലം ഡാമിലുള്ള സജിയുടെ ഭാര്യ വീട്ടിൽ വന്ന് മകൻ റയാനുമായി മണിയൻ ചിറയിലെ വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ മംഗലംഡാം ചപ്പാത്തി പാലത്തിന് സമീപത്ത് വച്ച് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ മൂന്നു പേർക്കും സാരമായി പരുക്കേറ്റു. സനുവാണ് ബൈക്ക് ഓടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. ഈ സമയം ഇതുവഴി വന്ന മംഗലംഡാം വനം വകുപ്പ് ഉദ്യോഗസ്ഥർ പരുക്കേറ്റവരെ മംഗലം ഡാമിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

