ജില്ലയില്‍ 1756 പട്ടയങ്ങള്‍ വിതരണം ചെയ്തു.ആലത്തൂര്‍ മണ്ഡലത്തില്‍ 263,തരൂരില്‍ 322 പട്ടയങ്ങളും വിതരണം ചെയ്തു.


പാലക്കാട്‌: ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലയില്‍ നടന്ന പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന മുദ്രവാക്യവുമായി സംസ്ഥാനത്തെ ഭൂരഹിതരെ ഭൂവുടമകകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് റവന്യൂ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷം സംസ്ഥാനത്ത് 4,90000 ത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഭൂരഹിതായവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ലഭിക്കാന്‍ ചട്ടങ്ങള്‍ മാറ്റേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും. പട്ടയം ലഭിക്കുന്നതിനുള്ള വരുമാന പരിധി രണ്ടര ലക്ഷമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഓരോ കുടുംബങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിക്കാനുള്ള ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് പകരമായി 14 ഓളം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചിപ്പ് ഘടിപ്പിച്ച ഡിജിറ്റല്‍ റവന്യു കാര്‍ഡ് വിതരണം നവംബറോടെ തുടങ്ങുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

1756 പട്ടയങ്ങളാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി പട്ടയമേളയില്‍ വിതരണം ചെയ്തത്. ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ 263 പട്ടയങ്ങളും തരൂരില്‍ 322, ചിറ്റൂരില്‍ 63, നെന്മാറയില്‍ 90, പാലക്കാട് 98, മലമ്പുഴയില്‍ 84, കോങ്ങാട് 249, ഒറ്റപ്പാലം 343, ഷൊര്‍ണ്ണൂരില്‍ 140, പട്ടാമ്പിയില്‍ 104, എന്നിങ്ങനെയാണ് വിതരണം ചെയ്തത്. മണ്ണാര്‍ക്കാട് 459 പട്ടയങ്ങളും തൃത്താലയില്‍ 194 പട്ടയങ്ങളും പിന്നീട് വിതരണം ചെയ്യും. ജില്ലയില്‍ 2021 മുതല്‍ 2025 വരെ 53,524 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *