ട്രെയിനിൽ ചാടിക്കയറാൻ ശ്രമം:തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആലുവ സ്വദേശിക്ക് ദാരുണാന്ത്യം

തൃശൂർ. ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആലുവ സ്വദേശിക്ക് ദാരുണാന്ത്യം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്കു വീണു എറണാകുളം ആലുവ യുസി കോളജിനു സമീപം മടിയപടി കനാൽ റോഡ് സ്വസ്തിയിൽ സുരേഷ് നാരായണ മേനോൻ (53) ആണു മരിച്ചത്. ഇന്നലെ രാവിലെ 10.30ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആയിരുന്നു അപകടം. അരയ്ക്കു താഴേക്കു ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ റെയിൽവേ പൊലീസ് ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രെയിൻ ഓടാൻ തുടങ്ങിയതു കണ്ടു ഓടിയെത്തി വാതിലിനരികിലെ കൈപ്പിടിയിൽ പിടിച്ചുകൊണ്ടു ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കൈ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലെ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു. ആളുകൾ ബഹളം കൂട്ടിയതിനെത്തുടർന്ന് ഉടൻ ട്രെയിൻ നിർത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *