അടിയന്തരമായി കുഴികൾ മൂടി റോഡ് ഗതാഗത യോഗ്യമാക്കണം:സഞ്ജു പരുവശ്ശേരി
വടക്കഞ്ചേരി: പഞ്ചായത്തിലെ പ്രധാന പാതയായ നെല്ലിയമ്പാടം – തേനിടുക്ക് റോഡ് പൂർണ്ണമായും തകർന്നു തരിപ്പണമായിട്ടും അധികാരികൾ തുടരുന്ന മൗനത്തിൽ പ്രതിഷേധം ശക്തമായി.ചെല്ലിപ്പറമ്പ്, പരുവശ്ശേരി, കൊളക്കോട് പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളും വാഹന യാത്രക്കാരുമാണ് ദിവസേന ഈ റോഡിലൂടെ വലിയ ദുരിതം പേറി സഞ്ചരിക്കുന്നത്.
റോഡിലുടനീളം രൂപപ്പെട്ടിട്ടുള്ള വൻ കുഴികൾ കാരണം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളും വയോധികരുമടക്കം യാത്ര ചെയ്യുന്ന ഈ പാതയിൽ ദിനംപ്രതി വലിയ അപകടഭീഷണി നിലനിൽക്കുന്നു.റോഡിന്റെ പൂർണ്ണമായ പുനരുദ്ധാരണവും റീ ടാറിങ്ങും നടക്കാൻ വൈകുമെങ്കിൽ, വലിയ അപകടങ്ങൾ ഒഴിവാക്കാൻ താൽക്കാലികമായി ഈ കുഴികളെങ്കിലും അടിയന്തരമായി മൂടി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.യാത്രക്കാരുടെ ഈ ദുരിതം അവസാനിപ്പിക്കാൻ അടിയന്തരമായി അധികാരികളും ജനപ്രതിനിധികളും ഇടപെട്ടിലെങ്കിൽ ശക്തമായ സമരവുമായി നാട്ടുകാർ രംഗത്തെത്തുമെന്ന് പൊതു പ്രവർത്തകൻ സഞ്ജു പരുവശ്ശേരി മുന്നറിയിപ്പ് നൽകി.
