പോലീസാണെന്ന് പറഞ്ഞ് തീവണ്ടിയാത്രക്കാരില്‍നിന്ന് 25 ലക്ഷം കവര്‍ന്നു

പാലക്കാട്: തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളിൽനിന്ന് പണം തട്ടി എട്ടംഗ കവർച്ചാസംഘം. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കർ (40), പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ (33) എന്നിവരെയാണ് സംഘം കബളിപ്പിച്ചത്. 25 ലക്ഷം രൂപയാണ് ഇരുവരിൽനിന്നും തട്ടിയെടുത്തത്. ഇവർ വാളയാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ നാലുപേരെ രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കോയമ്പത്തൂരിൽനിന്ന് സ്വർണം ഉരുക്കി മടങ്ങുകയായിരുന്നുവെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.
കോയമ്പത്തൂരിൽനിന്ന് കണ്ണൂരിലേക്ക് പോയ തീവണ്ടിയിൽ കഞ്ചിക്കോട് വെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. വാളയാറെത്തിയപ്പോൾ അഞ്ചംഗസംഘം തീവണ്ടിയിൽ ഇരുവരും ഇരിക്കുന്ന ഭാഗത്തെത്തുകയും പോലീസാണെന്ന് പറയുകയും ചെയ്തു. പണം കടത്തിയതാണെന്ന് മനസ്സിലായെന്നും സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞ് ഇരുവരെയും ഭീഷണിപ്പെടുത്തി. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗും കൈവശപ്പെടുത്തി. കാക്കി പാന്റ്സ് ധരിച്ചിരുന്നതിനാൽ പോലീസാണെന്ന് വിശ്വസിച്ചെന്ന് അബൂബക്കറും ബദറുദ്ദീനും പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഡ്രൈവറും തൊട്ടടുത്ത് രണ്ടു ബൈക്കുകളിലായി ഓരോരുത്തരും ഇവരെ കാത്തിരിപ്പുണ്ടായിരുന്നു. ഇരുവരെയും കാറിൽ കയറ്റി എട്ടംഗസംഘം പോയത് കഞ്ചിക്കോട്ടേക്കാണ്. അഹല്യ റോഡിൽ കനാൽ പിരിവിന് അടുത്തെത്തിയപ്പോൾ തങ്ങളെ പുറത്താക്കി പണവുമായി സംഘം മുങ്ങിയെന്നും ഇവർ പോലീസിനോട് പറഞ്ഞു. അബൂബക്കറിന്റെ ബാഗിൽ ഏഴുലക്ഷം രൂപയും ബദറുദ്ദീന്റെ ബാഗിൽ 18 ലക്ഷം രൂപയുമാണുണ്ടായിരുന്നത്. സംഭവത്തിൽ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *