റോഡ് സുരക്ഷ;ദേശീയപാതയിൽ വകുപ്പ് അധികാരികളുടെ സംയുക്ത പരിശോധന നടന്നു


വടക്കഞ്ചേരി: വളയാർ മുതൽ വാണിയംപാറ വരെയുള്ള ദേശീയപാതയിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ്, അതാത് പരിധിയിലെ പോലീസ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അഥോറിറ്റി എന്നീ വിഭാഗങ്ങൾ സംയുക്ത സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞദിവസം പന്തലാംപാടത്ത് രണ്ട് വിദ്യാർഥികൾ മരിച്ചതുൾപ്പെടെ ദേശീയപാതയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളുടെ കാരണങ്ങൾ പരിശോധിക്കുന്നതിനൊപ്പം വേണ്ടതായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കൂടിയായിരുന്നു പരിശോധന. ശബരിമല തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ തീർത്ഥാടക വാഹനങ്ങളുടെ തിരക്കുകൂടി പരിഗണിച്ച് പ്രധാനപ്പെട്ട അപകട സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന നടന്നത്. ചെറുറോഡുകളിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്ന വഴിയിൽ കാഴ്ച മറക്കുന്നതെല്ലാം മാറ്റും. ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നതും ഒഴിവാക്കുമെന്ന് അധികൃതർ പറഞ്ഞു. അടിപാതകളുടെ നിർമാണം നടക്കുന്ന കാഴ്ചപറമ്പ് ,കുഴൽമന്ദം, ആലത്തൂർ സ്വാതി ജംഗ്ഷൻ, വാണിയംപാറ എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ പോരായ്മകളുണ്ട്. ഇത് പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.മേരിഗിരി ഭാഗത്തുൾപ്പെടെ യുള്ള റോഡിലെ കുഴികൾ അടച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. എംവിഐ ജയരാജൻ, എഎംവിഐമാരായ കെ. ദേവീദാസൻ, എം.പി.ദീപക്, എം.ഡി.മനോജ് കുമാർ, വടക്കഞ്ചേരി എസ്ഐ ബാബു, നാഷണൽ ഹൈവെ സേഫ്റ്റി ഓഫീസർ പി.എൽ.ശ്രീജിത്ത് തുടങ്ങിയവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *