
വടക്കഞ്ചേരി: മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാത കരിപ്പാലിക്കടുത്തെ വളവിൽ ടിപ്പറും എയ്സ് പെട്ടിഓട്ടോയും കൂട്ടിയിടിച്ച് പെട്ടി ഓട്ടോ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. ഗുരുവായൂരിനടുത്ത് മറ്റം എളവള്ളി സ്വദേശി ഗണേശ (53)നാണ് കാലിന് സാരമായ പരിക്കേറ്റത്. ഇയാളെ വള്ളിയോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചക്കു ശേഷം ഒന്നരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്റ്റിയറിംഗ് അമർന്ന് കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അതുവഴി വന്ന യാത്രക്കാരും പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. തത്സമയം വടക്കഞ്ചേരി പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസ് എത്താതിരുന്നത് പ്രതിക്ഷേധത്തിനിടയാക്കി. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതവും തടസപ്പെട്ടു. പിന്നീട് നാട്ടുക്കാരും സിവിൽ ഡിഫൻസ് പ്രവർത്തകരുമാണ് വാഹനങ്ങൾ കടന്നു പോകാൻ വഴിയൊരുക്കിയത്. ഗുരുവായൂർ ചിറ്റാട്ടുകരയിൽ നിന്നും ഷിൻ്റോ എന്നയാളുടെ വർക്കുകൾക്കായി വിരികട്ടയും മെറ്റലുമായി നെന്മാറക്ക് പോവുകയായിരുന്നു പെട്ടിഓട്ടോ. വാഹനത്തിൽ ഉണ്ടായിരുന്ന ഷിന്റോയ്ക്ക് പരിക്കില്ല. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ടോറസ് ലോറി.
ലോറി ഇടത്തോട്ട് കൂടുതൽ വെട്ടിച്ച് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ലോറിയുടെ മുൻഭാഗവും തകർന്നിട്ടുണ്ട്. മഴപെയ്താൽ വാഹനങ്ങൾ തെന്നിമറിയുന്ന ഭാഗമാണ് ഇവിടെ.

