
വടക്കഞ്ചേരി: വെള്ളം മുങ്ങി വലിയ നാശനഷ്ടങ്ങളുണ്ടായ അശരണരും അനാഥരുമായ 200 സ്ത്രീകളെ സംരക്ഷിക്കുന്ന മംഗലംപാലത്തെ ദൈവദാൻ സെൻ്റർ കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, പൊന്നംകോട് ഫൊറോന ഡയറക്ടർ ഫാ. ജെയ്സൺ കൊള്ളന്നൂർ, രൂപത പ്രസിഡൻ്റ് അഡ്വ. ബോബി ബാസ്റ്റിൻ, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് തോമസ് ആൻ്റണി, രൂപത ജനറൽ സെക്രട്ടറി സി.ഡി.ബെന്നി, രൂപത എക്സിക്യുട്ടീവ് അംഗം ജോസ് അബ്രഹാം, ഒലവക്കോട് ഫൊറോന സെക്രട്ടറി അലക്സ് എന്നിവരുൾപ്പെടുന്ന സംഘമാണ് സെൻ്റർ സന്ദർശിച്ചത്. ദൈവദാൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ജോബി വെട്ടുവയലിൽ, സെൻ്ററിലെ സിസ്റ്റേഴ്സ് എന്നിവർ നാശനഷ്ടങ്ങളും ദുരിതമണിക്കൂറുകളും വിശദീകരിച്ചു. കിടപ്പു രോഗികളായ അന്തേവാസികളെ അർധരാത്രിയിൽ മുകളിലെ നിലയിലേക്ക് മാറ്റേണ്ടി വന്നതിൻ്റെ കഷ്ടപ്പാടുകൾ പറഞ്ഞറിയിക്കാനാകില്ല. താഴെയുള്ള അടുക്കള പൂർണമായും മുങ്ങി. സെൻ്ററിലേക്കുള്ള റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം പൊങ്ങിയത് പുറമെ നിന്നും അന്തേവാസികൾക്കുള്ള ഭക്ഷണം എത്തിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. സന്നദ്ധ പ്രവർത്തകരും നാട്ടുക്കാരും വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവരും ഏറെ ശ്രമകരമായാണ് അവശ്യവസ്തുക്കൾ എത്തിച്ചിരുന്നത്. വെള്ളം ഇറങ്ങി കെട്ടിടങ്ങൾ വൃത്തിയാക്കലും ഇപ്പോൾ ഭാരിച്ച പണിയായി മാറിയിട്ടുണ്ട്. സെൻ്ററിലെ വാഴ ഉൾപ്പെടെയുള്ള നിരവധി ഫലവൃക്ഷങ്ങളും വെള്ളം മുങ്ങി നശിച്ചു.കോഴികളും ഓമന പക്ഷികളും കൂടുകളിൽ ചത്തു. തുടർ പ്രളയമുണ്ടായ 2018 ലും 2019ലും ഉണ്ടാകാത്ത വിധമാണ് ഇക്കുറി വെള്ളം പൊങ്ങിയത്.പ്രദേശത്തെ 50 ലേറെ വീടുകളും മുങ്ങി വീട്ടു സാധനങ്ങളെല്ലാം നശിച്ചു. മംഗലം ഡാമിൽ നിന്നും മുന്നറിയിപ്പില്ലാതെ കൂടുതൽ വെള്ളം തുറന്നു വിട്ടതും ആലത്തൂർ വീഴുമലയിലെ ഉരുൾപൊട്ടലിനു തുടർന്നുണ്ടായ മലവെള്ളവും നഷ്ട കണക്കുകൾ കൂട്ടാൻ കാരണമായി.മംഗലം ഡാമിലെ ജലനിരപ്പിൻ്റെ തോതും ഷട്ടറുകൾ കൂടുതൽ ഉയർത്തുമ്പോഴും വിവരങ്ങൾ തത്സമയം പ്രാദേശികമായി അറിയിക്കാൻ സംവിധാനമൊരുക്കാത്തതാണ് നഷ്ടങ്ങൾ ഉയരാൻ കാരണമാകുന്നതെന്ന് പറയുന്നു.

