വടക്കഞ്ചേരി:മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.അഞ്ചുമൂർത്തിമംഗലം കള്ളിയങ്കാട് കിഴക്കേതിൽ വീട്ടിൽ ശരത്ത് (32) നാണ് കുത്തേറ്റത്.അയൽവാസിയായ കൃഷ്ണകുമാറാണ്(39)കുത്തി പരിക്കേൽപ്പിച്ചത്.
മുതുകത്തും ഇടതു ഷോൾഡറിന്റെ താഴെയും കഴുത്തിലുമാണ് പരിക്കേറ്റത്.ഇയാളെ ആലത്തൂരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെ മംഗലം പോസ്റ്റ് ഓഫീസിന് സമീപത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങാനായി പോയ ശരത്തിനെ കൃഷ്ണകുമാർ ആക്രമിക്കുകയായിരുന്നു.
ശരത്തിന്റെ വീട്ടിലെ അതിർത്തിയിൽ നിൽക്കുന്ന മരം മുറിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിൽ കൃഷ്ണകുമാർ, ശരത്തിനെയും അച്ഛൻ രാധാകൃഷ്ണനെയും അമ്മ ശാന്തകുമാരിയെയും വീടുകയറി ആക്രമിച്ചിരുന്നു.ഈ കേസിൽ പാലക്കാട് ജില്ല സെഷൻസ് കോടതിയുടെ ജാമ്യത്തിൽ തുടരുമ്പോഴാണ് ഇയാൾ വീണ്ടും ആക്രമണം നടത്തിയതെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.ആക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയ പിടികൂടാൻ കഴിഞ്ഞിട്ടില്ല.സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസിടുത്തു.

