വടക്കഞ്ചേരി: വാഹനം വാടക്ക് കൊടുത്ത് പണം തട്ടുന്ന കൊല്ലം സ്വദേശി വടക്കഞ്ചേരി പൊലീസിൻ്റെ പിടിയിൽ. കൊല്ലം അഞ്ചൽ അഹസ്ജുവൽ (26) ആണ് അറസ്റ്റിലായത്.ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ അക്കൗണ്ടുകളിലൂടെ വാഹനം വാടകക്ക് കൊടുക്കാനുണ്ടെന്ന് പരസ്യം നല്കിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്. തൻ്റെ കാർ ഇത്തരത്തിൽ കൈമാറി വൻ തുക കൈപറ്റും, പിന്നീട് കാറിൽ ഘടിപ്പിച്ച ജി പി എസ് പിന്തുടർന്ന് കാർ മോഷ്ടിക്കും. വാങ്ങിയ തുക തിരികെ നല്കുകയും ചെയ്യില്ല.നിശ്ചയിച്ചുറപ്പിച്ച തുകയുടെ കുറച്ച് സംഖ്യ അക്കൗണ്ട് വഴി കൈക്കലാക്കുകയും, പരാതി വന്നാൽ ഈ തുക മാത്രം തിരികെ നല്കുകയുമാണ് പതിവ്. ഇത്തരത്തിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ വടക്കഞ്ചേരി വലിയകുളം സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ പന്ത്രണ്ടോളം കേസുകളുണ്ട്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.വടക്കഞ്ചേരി എസ് ഐ സനീഷ്, എ എസ് ഐ ജൂബിഇഗ്നേഷ്യസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജി ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
