മംഗലംഡാം : മണ്ണെണ്ണക്കയത്ത് കാട്ടാന തെങ്ങ് മറിച്ചിട്ടു. മണലിച്ചിറയിൽ ഷാജിയുടെ പറമ്പിലെ തെങ്ങാണ് കാട്ടാന മറിച്ചിട്ടത്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് ഒരു പോസ്റ്റ് പൊട്ടി. കൂടാതെ നാലോളം പോസ്റ്റുകളിൽ നിന്നും മെയിൻ ലൈൻ വിട്ട് നിൽക്കുന്നുമുണ്ട്. തെങ്ങ് ലൈനിൽ തങ്ങി റോഡിന് കുറുകെയാണ് കിടക്കുന്നത്. എം.കെ. സോമൻ, ചെന്താമര, ചന്ദ്രൻ എന്നിവരുടെ പറമ്പിലും കാട്ടാന എത്തി. രണ്ടാഴ്ചയോളമായി കാട്ടാന മുകൾ ഭാഗത്ത് തമ്പടിച്ചിരിക്കുകയാണെന്നും റബർ ടാപ്പിങിനും മറ്റും ജോലികൾക്കും തോട്ടങ്ങളിലേക്ക് പോകാൻ ഭയമാണെന്നും നാട്ടുകാർ പറഞ്ഞു. എട്ടോളം വീടുകളും ഒട്ടേറെ കൃഷിസ്ഥലങ്ങളുമുള്ള മേഖലയാണിത്. ഇവിടെ വനാതിർത്തികളിലൊന്നും ഫെൻസിങ് ചെയ്യാത്തതുകൊണ്ട് വന്യമൃഗങ്ങൾക്ക് എത്താൻ എളുപ്പമാണ്. വനാതിർത്തികൾ അടിയന്തരമായി സോളർ തൂക്കുവേലി നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
