വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ ഇടാക്കുന്നതിനെതിരെ വടക്കഞ്ചേരി ജനകീയ വേദി, വ്യാപാരി സംരക്ഷണ സമിതി, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ ടോൾ ഉപരോധിച്ചു. തുടർന്ന് പൊലീസ് സമരക്കാരെ ട്രാക്കിൽ നിന്ന് മാറ്റി. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം മുൻ മന്ത്രി വി.സി.കബീർ ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷനായി കേരള വ്യാപാരി സംരക്ഷണ സമിതി പ്രസിഡൻ്റ് സി.കെ.അച്യുതൻ,
സുരേഷ് വേലായുധൻ, ജിജോ അറയ്ക്കൽ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സതീഷ് ചാക്കോ, സഫർ ഇമ്മേരിയാസ്, സലിം
തണ്ടിലോട്, കെ.ശിവദാസ്, ജനാർദ്ദനൻ താളിക്കോട്, ഷെരീഫ് തോണിപ്പാടം, റഫീക്ക് കോപികോ, കെ.നൗഷാദ്, ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു. 9.4 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന സർവ കക്ഷി
യോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്കും അഡീഷനൽ ജില്ലാ മജിസ്ട്രേറ്റിനും പരാതിയും നൽകി. കെ.രാധാകൃഷ്ണൻ എംപിയും പി.പി.സുമോദ്. ടി.എം.ശശി എംഎൽഎ മാരും പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ എടുത്ത തീരുമാനങ്ങൾ ടോൾ കമ്പനി നടപ്പിലാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളും സമരസമിതി നേതാക്കളും ദേശീയപാത അതോറിറ്റിയുടെയും ടോൾ കമ്പനിയും ഉൾപ്പെട്ട യോഗം ഉടൻ വിളിക്കണമെന്നും 6 പഞ്ചായത്തിലെ വാഹനങ്ങൾക്കും 4 ചക്ര ഓട്ടോറിക്ഷകൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യം കൊടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഇന്ന് പന്തലാംപാടം ജനകീയ കൂട്ടായ്മ, വ്യാപാരി വ്യവസായി ഏകോപനസമിതി വടക്കഞ്ചേരി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ രാവിലെ 10.30 ന് സമരം നടത്തും.
