ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദേശീയപാതയിലെ വാണിയംപാറയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 323 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്.
ആദ്യഘട്ട പരിശോധനയിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നിന്ന് 20 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി.
കൂടുതൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുവായൂരിന് സമീപമുള്ള പഞ്ചാരമുക്കിലെ ഒരു അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്ന് 300 ഗ്രാം എംഡിഎംഎ കൂടി പോലീസ് പിടിച്ചെടുത്തു.സംഭവത്തിൽ നാലുപേർക്ക് പുറമെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.
